21-07-23 - തലോർ മഹാദേവ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നു. രാവിലെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഇളങ്ങള്ളൂർ കൃഷ്ണദാസ് നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടന്ന ഭക്തി നിർഭരമായ ചടങ്ങിൽ നിരവധി ഭക്ത ജനങ്ങൾ പങ്കെടുത്തു. ചടങ്ങിൽ ക്ഷേത്രം ഭാരവാഹികളും മാതൃസമിതി അംഗങ്ങളും സന്നിഹിതരായിരുന്നു, തുടർന്ന് പ്രസാദ വിതരണവും നടന്നു.
തലോരിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന തലോർ ശ്രീമഹാദേവ ക്ഷേത്രത്തിലെ വർഷങ്ങളായി നടന്നുവരുന്ന തിരുവാതിര - പുണർതം തിരുവുത്സവം 1198 ധനു 17 മുതൽ 23 (2023 ജനുവരി 1 -ാം തിയ്യതി ഞായറാഴ്ച മുതൽ 07-ാം തിയ്യതി ശനിയാഴ്ച) ഉൾപ്പടെ 7 ദിവസങ്ങളിലായി ചിട്ടയോടും ഭക്തിനിർഭരമായ ചടങ്ങുകളോടും, കലാസാംസ്കാരിക പരിപാടികളോടും കൂടി ആഘോഷിക്കുവാൻ തീരുമാനിച്ച വിവരം ഏവരേയും സന്തോഷത്തോടുകൂടി അറിയിച്ചുകൊള്ളുന്നു.
തികച്ചും ഗ്രാമീണ പശ്ചാത്തലത്തിൽ ഉള്ള ഈ ക്ഷേത്രം നൂറ്റാണ്ടുകൾ പഴക്കം ചെന്നതാണെന്ന് തലമുറകളായി പറയപ്പെടുന്നു. ക്ഷേത്രവും ക്ഷേത്രത്തിലെ ആത്മീയമായ അന്തരീക്ഷവും, ക്ഷേത്രക്കുളവും എന്നും പ്രായഭേദമന്യേ ഭക്തജനങ്ങളുടെ മനസ്സിന് ചൈതന്യവത്തായ ഓജസ്സുപകർന്നുകൊണ്ടിരിക്കുന്നു. ഇന്നും ക്ഷേത്രത്തിന്റെതായ ആചാരങ്ങളും, ചിട്ടയോടുകൂടിയുള്ള പൂജകളും മറ്റും വളരെ കൃത്യമായി തന്ത്രി കുടുംബമായ എളങ്ങള്ളൂർ മനയുടെ നേതൃത്വത്തിൽ ഭംഗിയായി അനുവർത്തിച്ചുപോരുന്നു. തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ എളങ്ങള്ളൂർ കൃഷ്ണദാസ് നമ്പൂതിരിയുടെ നിർദ്ദേശത്തോടുകൂടി പ്രവർത്തിക്കുന്ന ശിവക്ഷേത്ര സേവാസമിതിയും, നാമജപം, നാരായണീയപാരായണം, ക്ഷേത്രശുചീകരണം എന്നീ സത്കർമ്മങ്ങളിൽ സജീവ സാന്നിദ്ധ്യമായി ശിവ-പാർവ്വതി മാതൃസമിതിയും, കൂടാതെ എല്ലാ ഭക്തജനങ്ങളുടെയും ആത്മാർത്ഥമായ സഹകരണവും ചേർന്നാണ് ക്ഷേത്രത്തിന്റെ നിത്യനിദാന ആഘോഷപ്രവർത്തനങ്ങൾ നടന്നുവരുന്നത്.
ഇ.പി.നാരായണൻ നമ്പൂതിരി
പ്രസിഡണ്ട്
9446142804
സി.ദേവദാസ്
സെക്രട്ടറി
7012196529
സി.വിശ്വനാഥൻ
ട്രഷറർ
9645540561
ഭക്തജനങ്ങൾക്ക് എന്നും അനുഗ്രഹം ചൊരിയുന്ന തലോർ ശ്രീ മഹാദേവ ക്ഷേത്ര സന്നിധിയിൽ തിരുവാതിര - പുണർതം തിരുവുത്സവത്തോടനുബന്ധിച്ച് 2022 ഡിസംബർ 24 മുതൽ 31 വരെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നടക്കുന്നു. പ്രഗത്ഭനും പ്രതിഭാശാലിയും ഏറെ പ്രശസ്തനുമായ ശ്രീ. രമണിസ്വാമിയാണ് മുഖ്യയജ്ഞാചാര്യൻ.
പ്രാരാബ്ധങ്ങളിൽപെട്ട് വലയുന്ന സാധാരണ മനുഷ്യന് പുണ്യം ലഭിക്കുവാൻ ഭാഗവതത്തേക്കാൾ മഹത്തായ മറ്റൊന്നുമില്ല. മരണഭയത്തിൽ നിന്ന് മുക്തി നേടാനുള്ള അമൃത് കൂടിയാണ് ഭാഗവത സപ്താഹ ശ്രവണം. അഹങ്കാരം, മദം, മത്സരം, വിദ്വേഷം, സ്വാർത്ഥത തുടങ്ങിയ മാലിന്യങ്ങൾ തുടച്ചുനീക്കി സ്നേഹത്തിന്റെയും, സഹനശക്തിയുടെയും തെളിനീരൊഴുക്കുവാൻ ഭാഗവത പാരായണ ശ്രവണം നമ്മെ പ്രാപ്തരാക്കുന്നു. കലികാല കൽമഷങ്ങളെ അകറ്റി മനഃശുദ്ധിയും, ശാന്തിയും നൽകുന്ന ഈ യജ്ഞത്തിൽ എല്ലാ ഭക്തജനങ്ങളുടെയും സാന്നിദ്ധ്യവും ഹാർദ്ദവമായ സഹായസഹകരണങ്ങളും സാദരം ക്ഷണിച്ചുകൊള്ളുന്നു.
ശ്രീ മഹാദേവന്റെയും ശ്രീ പാർവ്വതിദേവിയുടെയും ചൈതന്യം നിറഞ്ഞുനിൽക്കുന്ന തലോർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ എല്ലാമാസവും പൗർണ്ണമി നാളിൽ തന്ത്രിയുടെ കാർമ്മികത്വത്തിൽ ഉമാമഹേശ്വര പൂജയും, പൗർണ്ണമി പൂജയും നടത്തിവരുന്നു. 2002 ഡിസംബർ മാസത്തിൽ തുടങ്ങിയ വിശേഷാൽ പൂജകൾക്ക് വഴിപാട് കഴിക്കുന്ന ഭക്തജനങ്ങൾ ഏറെയാണ്. ജാതകപ്രകാരമോ, മറ്റു ജന്മനക്ഷത്ര ദോഷങ്ങളാലോ വിവാഹത്തിന് തടസ്സം നേരിടുന്നവർക്ക് തടസ്സം നീങ്ങി നല്ല വിവാഹബന്ധം ലഭിക്കുന്നതിന് വേണ്ടിയും വിവാഹിതരായവർക്ക് സർവൈശ്വര്യങ്ങളോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനും ദേവിദേവ കൃപാകടാക്ഷങ്ങൾ വേണ്ടുവോളം ലഭിക്കുന്നതിന് വേണ്ടിയാണ് ഉമാമഹേശ്വരപൂജ നടത്തുന്നത്.
കുടുംബത്തിന്റെ ഐശ്വര്യ വർദ്ധനവിനും, കഷ്ടപ്പാടുകൾ തീർത്ത് സമ്പൽസമൃദ്ധി കൈവരിക്കുന്നതിനും, കെട്ടുറപ്പുള്ള വിവാഹജീവിതം നിലനിർത്തുന്നതിനും വേണ്ടിയാണ് പൗർണ്ണമി പൂജ വഴിപാടായി കഴിക്കുന്നത്. സന്ധ്യക്ക് ദീപാരാധനയ്ക്കു ശേഷമാണ് ഈ പൂജകൾ നടത്തുന്നത്. പൂജകൾ കഴിക്കുന്ന ഭക്തജനങ്ങൾക്ക് ശ്രീ മഹാദേവന്റെയും ശ്രീ പാർവ്വതിദേവിയുടെയും കൃപാകടാക്ഷങ്ങൾ ലഭിക്കു മാറാകട്ടെ. വഴിപാടിനെത്തുന്നവർ വൈകീട്ട് 6 മണിക്ക് ക്ഷേത്രത്തിൽ എത്തിചേരണമെന്ന് പ്രത്യേകം താൽപര്യപ്പെടുന്നു.
തിരുവാതിര - പുണർതം തിരുവുത്സവത്തോടനുബന്ധിച്ച് 2023 ജനുവരി 5 വ്യാഴാഴ്ച്ച മൂലപെരുമ്പടപ്പ് ദാമോദരൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കുന്ന വസോർധാര ക്ഷേത്രത്തിൽ നടത്തുന്നു. നാടിന്റെയും നാട്ടുകാരുടെയും സർവൈശ്വര്യങ്ങൾക്കും, കലിയുഗത്തിൽ മാനവരനുഭവിക്കുന്ന സകലവിധ ദുരിതശമനത്തിനും വേണ്ടി നടത്തുന്ന പവിത്രമായ ഈ ചടങ്ങിൽ പങ്കെടുത്ത് അപൂർവ്വാനുഗ്രഹങ്ങൾക്ക് പാത്രീഭൂതരാകണമെന്ന് ഭഗവൽ നാമധേയത്തിൽ അഭ്യർത്ഥിക്കുന്നു.
വസോർധാരയോടുകൂടി ശ്രീരുദ്രഹോമവും, ശ്രീരുദ്രാഭിഷേകവുമാണ് നടക്കുന്നത്. അതിവിശിഷ്ടമായ നല്ലെണ്ണ, പഞ്ചഗവ്യം, പഞ്ചാമൃതം, നെയ്യ്, പാൽ, തൈര്, തേൻ, കരിമ്പിൻ നീര്, ചെറുനാരങ്ങ നീര്, ഇളനീര്, അഷ്ടഗന്ധജലം തുടങ്ങി 11 ദ്രവ്യങ്ങളാൽ ശ്രേഷ്ഠന്മാരായ 11 വൈദികർ ചേർന്ന് കാർമികത്വം വഹിക്കുന്ന പവിത്രമായ ഈ ചടങ്ങിൽ പങ്കെടുക്കുവാൻ എല്ലാ ഭക്തജനങ്ങളെയും സഹർഷം സ്വാഗതം ചെയ്യുന്നു.
കുടുംബത്തിലെല്ലാവർക്കും അതിവിശിഷ്ടമായ ചടങ്ങിന് വഴിപാട് നൽകാവുന്നതാണ്. ഒരു വ്യക്തിയുടെ പേരിൽ വഴിപാട് കഴിക്കുന്നതിന് 150 രൂപ രശീതി എടുക്കേണ്ടതാണ്.
തിരുവാതിര - പുണർതം തിരുവുത്സവനാളുകളിൽ ഭക്തജനങ്ങൾക്ക് തിരുനടയിൽ വിവിധതരം ദ്രവ്യങ്ങളാൽ പറനിറയ്ക്കുന്നതിനുള്ള സൗകര്യമുണ്ടായിരിക്കുന്നതാണ്. നെല്ല്, അരി, മലർ, അവിൽ, ശർക്കര, പഞ്ചസാര, പഴം, നാളികേരം, മഞ്ഞൾ, എള്ള്, പൂവ്, നാണയം തുടങ്ങി 12 ദ്രവ്യങ്ങൾ കൊണ്ടാണ് പറ നിറയ്ക്കുന്നത്. കുടുംബത്തിന്റെ ദാരിദ്ര്യ ദുരിതങ്ങളകറ്റി സമ്പൽ സമൃദ്ധിക്കുവേണ്ടിയാണ് നെൽപ്പറയും അരിപ്പറയും നിറയ്ക്കുന്നത്. ഗണപതി ഭഗവാനെ പ്രീതിപ്പെടുത്തി സകല വിഘ്നങ്ങളും അകറ്റുന്നതിന് വേണ്ടിയാണ് അവിൽ, മലർ, ശർക്കര, പഴം, നാളികേരം എന്നീ ദ്രവ്യങ്ങളാൽ പറനിറയ്ക്കുന്നത്. മഞ്ഞൾപ്പറ നിറച്ചാൽ മനസ്സിനിണങ്ങിയ മംഗല്യ ഭാഗ്യവും സന്തുഷ്ടമായ വിവാഹജീവിതവും സാധ്യമാകുമെന്ന് പുരാണങ്ങൾ നമ്മെ പഠിപ്പിക്കുന്നു. മഹാലക്ഷ്മിയെ പ്രീതിപ്പെടുത്തി ജീവിതത്തിലെ സാമ്പത്തിക പ്രതിസന്ധികൾ അകറ്റുന്നതിനും, സർവ്വൈശ്വര്യങ്ങൾക്കും വേണ്ടിയാണ് ദേവിനടയിൽ നാണയപ്പറ നിറയ്ക്കുന്നത്. ഉത്സവത്തിന്റെ അവസാന മൂന്നുനാളുകളിലാണ് 12 ദ്രവ്യങ്ങളും കൊണ്ട് പറനിറയ്ക്കുവാൻ സാധിക്കുക. മറ്റുദിവസങ്ങളിൽ നെല്ല്, അരി, മലർ, അവിൽ, എള്ള്, മഞ്ഞൾ, പഞ്ചസാര തുടങ്ങിയ ദ്രവ്യങ്ങളാൽ പറ നിറയ്ക്കാവുന്നതാണ്.